Thursday, August 11, 2011

വെറുതേ ..:(

വല്ലാതെ ഘനം തൂങ്ങിയ ഒരു രാത്രിയായിരുന്നത്  കൊണ്ടാവണം,അതിന്റെ ഭാരം സ്വപ്നങ്ങളിലും വിടാതെ പിന്തുടര്‍ന്ന് നിന്നത്. ജീവിതത്തിന്റെ എല്ലാ അനിശ്ചിതത്വവും അതിന്റെ ഉഗ്രരൂപം പൂണ്ട്  ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഒറ്റയാവുകയെന്നത് സ്വയം തെരഞ്ഞെടുക്കുന്ന ജീവിത രീതിയെന്നതിലുപരി ഒറ്റപ്പെടുത്തപ്പെടുമ്പോഴുണ്ടാവുന്ന ആകുലതകള്‍, നിസ്സഹായതകള്‍..

തനിച്ചല്ലെന്ന് സ്വയം വിശ്വസിപ്പിക്കുന്ന ഈ നാളുകളില്‍ അഭയം പ്രാപിക്കുന്ന തണല്‍ മരച്ചുവട്, ഏതു നിമിഷവും തന്റെ ചില്ലകളൊതുക്കി എരിയുന്ന ഒരു മരുഭൂമി സമ്മാനിക്കും.എന്റെ ജീവന്റെ ദാഹത്തിനു ശമനമാകുന്ന പുഴ എപ്പോള്‍ വേണമെങ്കിലും വഴി മാറിയൊഴുകും. അതിനുമപ്പുറം ജീവിതം, യാത്ര തുടരണമെന്ന് വിചാരിച്ചാല്‍ പോലും നിലച്ചു പോകുന്ന ഘടികാരം പോലെ നിശ്ചലമാകും.

സനാഥ എന്ന്  അഹങ്കരിച്ചെഴുന്നള്ളിയിരുന്ന പ്രണയസാമ്ര്യാജ്യത്തില്‍ നിന്നും  പുറത്താക്കപ്പെട്ട്  ,നിസ്സഹായതയോടെ തനിച്ച്‌ നില്‍ക്കുന്ന എന്നെ ഇപ്പോഴേ കാണുന്ന എന്റെ കണ്ണുകളില്‍ പോലും സഹതാപമാണ്.അതാണ്‌ ഞാന്‍ ഈ ലോകത്തില്‍ ഏറ്റവും വെറുക്കപ്പെടുന്ന വികാരവും..

3 comments: