Thursday, August 16, 2012

കായികറാണി



പെരുവന്താനം ഗവ:എല്‍ പി സ്കൂള്‍ പഠനകാലം.. അവിടെ സ്വന്തമായി ഗ്രൗണ്ട് ഇല്ലാതിരുന്നതിനാല്‍ ഓട്ടമത്സരം നടത്താന്‍ തെരഞ്ഞെടുത്തത് കെ കെ റോഡ്‌ ആണ്‌.കാണുന്ന മത്സരത്തിലെല്ലാം കൊണ്ട് തല വെച്ച് കൊടുക്കുമെങ്കിലും സ്പോര്‍ട്സ് ഒരിക്കലും എന്‍റെ തട്ടകമായിരുന്നില്ല. എങ്കിലും സത്യവൃതന്‍ സാറും അമ്മിണി ടീച്ചറും ചുമ്മാ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാനും ഓടാന്‍ കൂടി...:-O

വൈകിട്ട് പതിവുപോലെ വീട്ടില്‍ സഖാക്കളുടെ യോഗം. സജീവ്‌ ചേട്ടന്‍ വന്നപാടെ 
"ഗൗരിക്കുട്ടീ മിട്ടായി എവിടെ?"
അമ്പരപ്പോടെ അച്ഛന്‍ 
"എന്തിനാ സജീവേ?"
"അയ്യോ സാററിഞ്ഞില്ലേ? ഇന്ന് ഇവരുടെ സ്കൂളിലെ ഓട്ടമത്സരത്തില്‍ ഗൗരിയ്ക്കാണ് ഒന്നാം സ്ഥാനം." 
"ങേ,സത്യമാണോ??ഞാന്‍ അറിഞ്ഞില്ലല്ലോ??" 
അച്ഛനൊരു വിശ്വാസക്കുറവ്.എന്‍റെ മുഖത്താണെങ്കിലോ ഇപ്പോക്കരയും ന്നൊരു ഭാവം..
(അല്ലെങ്കില്‍ സ്കൂളില്‍ ഒരു ഈച്ച പറന്നാല്‍ അച്ഛന്‍ അറിയുന്നതാണ്.ഇതു സമ്മാനം കിട്ടിയിട്ട് കൂടി പറയാതിരിക്കുമോ?)
"ശരിക്കും സത്യമാണ് സാറേ...എട്ടു പത്ത് കുട്ടികള്‍ ഉണ്ടായിരുന്നു ഓടാന്‍ . അതില്‍ ഏറ്റവും പിന്നില്‍ നിന്ന്‌ ഒന്നാമത് ഗൗരിയായിരുന്നു ...."
:-/ 

അന്നത്തെ ആഘോഷം പിന്നെ എന്‍റെ ചെലവിലായിരുന്നു ന്ന് പറയേണ്ടല്ലോ?? 

(ചിത്രം ഗൂഗിളില്‍ നിന്ന്‌ )

Thursday, August 9, 2012

എരിഞ്ഞു തീരാത്തത്




വെറുതെയിരുന്നപ്പോള്‍ നമതു വാഴ്വും കാലത്തിലൂടെയൊന്നു സഞ്ചരിച്ചു.ഓര്‍മ്മകള്‍ എപ്പോഴും ചങ്ങലകള്‍ പോലെയാണല്ലോ?"നഗരത്തില്‍ വിറകടുപ്പ് കണ്ടിത്ര കാലമായി" പഴയ ഒരു പോസ്റ്റിലെ ഈ വാചകത്തില്‍ തൂങ്ങി പിന്നെയേതൊക്കെയോ വഴികളിലൂടെ..

അച്ഛനും കൂടിയുണ്ടായിരുന്ന കാലത്തൊന്നും അടുക്കളയ്ക്ക് പുകയൊഴിഞ്ഞു സ്വതന്ത്രയാകാന്‍ ഭാഗ്യമുണ്ടായില്ല. പല വാടക വീടുകളിലുമായി പല പല അടുക്കളകള്‍ ഞങ്ങള്‍ക്ക് സ്വന്തമായെങ്കിലും എല്ലായിടത്തും അമ്മയോടൊപ്പം അച്ഛനെപ്പോലെ തന്നെ വിറകടുപ്പാണ് ഉണ്ടായിരുന്നത്. ഒന്നിച്ചു പാചകിക്കുന്നതിന്റെ സന്തോഷത്തിലാവണം അമ്മയ്ക്ക് പുക നിറഞ്ഞ അടുക്കളകള്‍ ഭാരമാകാതിരുന്നതും ഞങ്ങളുടെ വീട്ടില്‍ ഒരു ഗ്യാസ് അടുപ്പ് എത്താതിരുന്നതും. അമ്മയ്ക്കോ അച്ഛനോ കൂടുതല്‍ കൈപ്പുണ്ണ്യം എന്നെനിക്കറിയില്ല,ഏതു ഭക്ഷണവും ഹൃദ്യമായിരുന്നു എന്നു മാത്രം...

പിന്നീട് അച്ഛന്‍ പോയി.അമ്മയ്ക്ക് അടുക്കള ഒറ്റയ്ക്ക് നോക്കേണ്ടി വന്നു.ഒപ്പം ഞങ്ങള്‍ രണ്ടു കുഞ്ഞിക്കുട്ടികള്‍ .. അച്ഛന്‍റെ മരണത്തിനു പകരം കിട്ടിയ ജോലി.. ദൂരെയുള്ള ഓഫീസ്,യാത്ര,തിരക്കുകള്‍ ...

പിന്നെ ഞങ്ങള്‍ക്ക് സ്വന്തമായി വീടുണ്ടായി.. കിണറിനു പമ്പ്‌ ഉണ്ടായി..അരകല്ലിനോടും ആട്ടുകല്ലിനോടും വിടപറഞ്ഞു. അടുക്കളയില്‍ നിന്നും പുകയൊഴിഞ്ഞ് മിന്നുന്ന സ്റ്റീല്‍ തിളക്കവുമായി ഗ്യാസ് സ്ട്ടൌ എത്തി. 

പക്ഷേ പിന്നെയൊരിക്കലും അമ്മയുടെ പാചകത്തിന് പഴയ രുചിയുണ്ടായില്ല.അച്ഛനോടോപ്പമോ പുകയോടൊപ്പമോ എന്നറിയില്ല ആ രുചിയും എന്നേയ്ക്കുമായി പടിയിറങ്ങിപ്പോയി.

എപ്പോഴുമൊന്നും വീട്ടിലുണ്ടാവാന്‍ കഴിയാറില്ല.എങ്കിലും അമ്മയോടൊപ്പമുള്ള എല്ലാ അവസരങ്ങളിലും ഞാന്‍ പഴയ മണ്‍പാത്രങ്ങള്‍ കഴുകിയെടുക്കുന്നു.അവിയലിന് തേങ്ങ അരകല്ലില്‍ തന്നെ അരച്ചെടുക്കുന്നു..അമ്മമ്മയുടെ കൈപ്പുണ്ണ്യം അപ്പാടെ കിട്ടിയ കൊച്ചുമോളെന്ന പുകഴ്ത്തലില്‍ സന്തോഷിക്കുന്നു..

എങ്കിലും എവിടെയോ എനിക്കെന്‍റെ പഴയ രുചി നഷ്ടമായിരിക്കുന്നു..

(ചിത്രം ഗൂഗിളില്‍ നിന്നും)
"നമതു വാഴ്വും കാലം"  http://disorderedorder.blogspot.in/2010/03/blog-post_23.html

Thursday, August 2, 2012

ഇവിടെയൊന്നും അവസാനിക്കുന്നില്ല



പെരുവന്താനം പോസ്റ്റ്‌ ഓഫീസ് ക്വാട്ടെഴ്സിലെ രാത്രികളില്‍ അച്ഛനോടൊപ്പം ഉറക്കമൊഴിയാന്‍ ഒരുപാട് ഏട്ടന്മാര്‍ ഉണ്ടായിരുന്നു. ഷാജിയേട്ടന്‍ ,രാജന്‍ ചേട്ടായി,സജീവേട്ടന്‍ ,നിയാസിക്ക അങ്ങനെ കുറേ പേര്‍ .. വൈകിട്ട് ഏഴു മണിയാകുമ്പോഴേക്കും ഓരോരുത്തരായി വന്നു തുടങ്ങും. തറയില്‍ വിരിച്ചിട്ട പായിലും കസേരകളിലും സ്ഥാനം പിടിച്ച് അവര്‍ ജോലി തുടങ്ങുമ്പോള്‍ ഞങ്ങളുടെ വിശാലമായ ഹാള്‍ ഒരു തേനീച്ചക്കൂട് പോലെയാകും.. തനിയെ പിറുപിറുത്തു മുദ്രാവാക്യങ്ങള്‍ കുത്തിക്കുറിക്കുന്ന അച്ഛനോടു ചേര്‍ന്ന് നിന്ന്‌,  ഒരു വലിയ ക്യാന്‍വാസ് പോലെ വര്‍ണ്ണാഭമായ ഞങ്ങളുടെ ഹാള്‍ ഞാന്‍ നോക്കിക്കാണും. 

(മാധവിക്കുട്ടിയുടെ ഒരു കഥാപാത്രമില്ലേ? പദപ്രശ്നം പൂരിപ്പിക്കുന്ന തമ്പുരാന്‍ "ഈ വാക്കാണോ ആ വാക്കാണോ ചേരുക" എന്നു ചോദിക്കുമ്പോള്‍ "ആ രണ്ടാമത് പറഞ്ഞത് തന്നെയായിക്കോട്ടെ മ്പ്രാ" ന്ന് പറയുന്ന വേലക്കാരന്‍ ? ചിലപ്പോള്‍ ആ റോള്‍ കിട്ടും എനിക്ക്. എഴുതി വരുന്ന മുദ്രാവാക്യം ഉറക്കെ ചൊല്ലുമ്പോള്‍ അച്ഛന്‍ ചോദിക്കും "ഈ വാക്ക് മാറ്റി ആ വാക്ക് ആക്കിയാലോ" ന്നൊക്കെ. എനിക്ക് തോന്നുന്നത് ഞാന്‍ പറയും...:D)    

കമിഴ്ന്നു കിടന്ന് പോസ്ററുകള്‍ എഴുതിയുണ്ടാക്കുന്ന സജീവേട്ടനും കൂട്ടുകാരും. കുറച്ചു കലാബോധം കൂടുതലുള്ളത് കൊണ്ട് ബാനര്‍ എഴുതാന്‍ നിയോഗിക്കപ്പെട്ട ഷാജിയേട്ടന്‍ .. അവരുടെ ഒക്കെയടുത്ത് നീല,ചുവപ്പ് നിറത്തിലുള്ള മഷിപ്പാത്രങ്ങള്‍ .. എഴുതി പൂര്‍ത്തിയാക്കി ഉണക്കാന്‍ വെച്ചിരിക്കുന്ന ബോര്‍ഡുകള്‍ .. നിലത്തു നിരത്തിയിരിക്കുന്ന പോസ്ററുകള്‍ ... നല്ല രസമാണ് നോക്കി നില്‍ക്കാന്‍ .. ഇടയ്ക്ക് "സഖാവേ, കുടിക്കാന്‍ ഇത്തിരി വെള്ളം എടുത്തു തരാമോ? ഒരു ഈര്‍ക്കില്‍ കിട്ടാനുണ്ടോ?" എന്നൊക്കെ ചോദിച്ച് എന്നെയും അവര്‍ കൂട്ടത്തില്‍ കൂട്ടും..:) 

പോസ്റര്‍ ഒട്ടിക്കാനുള്ള മൈദ അമ്മ അടുക്കളയില്‍ കുറുക്കുന്നുണ്ടാവും. അതിനും മുന്‍പേ തന്നെ ഏട്ടന്മാര്‍ക്കു കഴിക്കാന്‍ ഞങ്ങളുടെ ഇത്തിരി പറമ്പില്‍ വിളയിച്ച കപ്പയും ഏത്തയ്ക്കായും പുഴുങ്ങിയതും മുളകുടച്ച ചമ്മന്തിയും കട്ടന്‍കാപ്പിയും തയാറായിരിക്കും. പുഴുക്കും കഴിച്ച് അച്ഛനോടൊപ്പം അവര്‍ ഇരുളിലേക്ക് ... പിന്നെ രാവേറെ ആകും തിരികെയെത്താന്‍ ..മഞ്ഞെന്നോ മഴയെന്നോ ഉള്ള വ്യത്യാസമൊന്നും അവരെ ബാധിച്ചിരുന്നതേയില്ല    

ഇലക്ഷന്‍ പോലെയുള്ള അവസരങ്ങളില്‍ വീട് പാര്‍ട്ടി ഓഫീസ് ആകും... അവരൊന്നും വീട്ടില്‍ പോകുന്നുണ്ടാവില്ല. ആകെയുള്ള ഒറ്റ ബെഡ് റൂമില്‍ കുഞ്ഞുമോളെയും കൂട്ടി അമ്മ ഉറങ്ങും.. ഞാന്‍ അച്ഛനോടൊപ്പം.. 

എന്തിനാണ്,ആര്‍ക്കു വേണ്ടിയാണ് ഇവരിങ്ങനെ കഷ്ടപ്പെടുന്നത് എന്നൊരിക്കലും ആലോചിച്ചിട്ടെയില്ല. പകല്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോലെ ,അത്രയും സമര്‍പ്പണത്തോടെ,ഗൗരവത്തോടെ അച്ഛന്‍ ചെയ്യുന്ന മറ്റൊരു ജോലി എന്നായിരുന്നു എന്‍റെ വിശ്വാസം. രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ബോധം വെയ്ക്കുന്ന കാലമായപ്പോഴേക്കും അച്ഛന്‍ ഈ ലോകം വിടുകയും ചെയ്തു...

പറഞ്ഞു വന്നത് വേറൊന്നുമല്ല..കണ്ടു വളര്‍ന്നത്‌ ഇത്രയും അര്‍പ്പണ ഭാവത്തോടെ പ്രവര്‍ത്തിക്കുന്ന അച്ഛനെയാണ്. അങ്ങനെയുള്ള ,അത്രയും ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ ഇന്നും അവശേഷിക്കുന്നുണ്ട്  പാര്‍ട്ടിയില്‍ എന്ന ബോധമുള്ളത് കൊണ്ട് തന്നെ,ഞാന്‍ ഇന്നും എന്നും ഈ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു... സ്വാര്‍ത്ഥത നിറയുന്ന ഈ ലോകത്തില്‍ , എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ ഇന്നും പ്രാപ്തമായ ഏതെങ്കിലും കരങ്ങള്‍ ഉണ്ടെങ്കില്‍ അതീ മുന്നണിപ്പോരാളികളുടേതായിരിക്കും എന്നതിനും എനിക്ക് സംശയമില്ല. 

ലാല്‍സലാം സഖാക്കളേ..:)  

Saturday, June 16, 2012

വീണ്ടും ജൂണ്‍ 18

ഇരുപത്തിനാല് വര്‍ഷം മുന്‍പുള്ള ജൂണ്‍ പതിനെട്ടിന് പകല്‍ മഴ പെയ്തോ എന്നെനിക്കോര്‍മ്മയില്ല. ഏതായാലും ആ രാത്രിയില്‍ മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു. ഈ വര്‍ഷവും പെയ്യുമായിരിക്കും. പെയ്യട്ടേ..

അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്തായിരുന്നു മനസ്സിലെന്നും ഇപ്പോഴോര്‍മ്മയില്ല. ഏതായാലും അന്നു ഞാന്‍ പുതച്ച പുതപ്പിനുള്ളില്‍ സ്നേഹത്തിന്‍റെ ,സുരക്ഷിതത്വത്തിന്റെ ഒരു ഇളം ചൂട് തങ്ങി നിന്നിരുന്നു.. 

ഇന്നിപ്പോള്‍ എന്‍റെ പുതപ്പു നെയ്തിരിക്കുന്നതു തന്നെ മഞ്ഞുനൂലുകള്‍ കൊണ്ടാണെന്ന് തോന്നുന്നു..
അച്ഛനില്ലാത്ത 24 വര്‍ഷങ്ങള്‍ ...




http://perumthachantekulangal.blogspot.in/2011/06/18.html

Wednesday, April 25, 2012

ഇന്നലെ രാത്രിയില്‍ മഴ പെയ്തിരുന്നു..


രാത്രിയേറെ വൈകിയിരുന്നു. പുറത്തപ്പോഴും മഴയങ്ങനെ ഇരച്ചു പെയ്ത് കൊണ്ടിരുന്നു. ഒട്ടും മാന്യമല്ലാതെ തന്നെ ഇടിയും മിന്നലും ജനാലയിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ കടന്നു വരുമെന്ന ഭീഷണ സ്വരത്തില്‍ കാറ്റ് ചില്ലുപാളികളില്‍ മുട്ടി വിളിച്ചിരുന്നു.


ചെവിയില്‍ ചേര്‍ത്തു വെച്ച ഇയര്‍ ഫോണില്‍ ഒരു ഹൃദയം നൊന്തു നൊന്തു പിടയുന്നുണ്ടായിരുന്നു. പുറത്തെ താളമേളങ്ങള്‍ക്കിടയിലും എന്‍റെതെന്നോ നിന്‍റെതെന്നോ വേര്‍തിരിച്ചറിയാത്ത താളത്തില്‍ ആയിരുന്നു ആ മിടിപ്പ്. മയക്കത്തിനിടയില്‍ നിന്നും ഞെട്ടിയുണര്‍ന്ന്  അമ്മയെ തിരയുന്ന  കുഞ്ഞിനെ പോലെ ഇടയ്ക്കിടെ നീയെന്നെ തിരഞ്ഞു കൊണ്ടേയിരുന്നു.. ഞാനരികിലുണ്ടെന്നു പറയുമ്പോള്‍ ഒരു നിശ്വാസത്തോടെ മിഴികള്‍ ചേര്‍ത്ത്,പതുക്കെ..... ചേര്‍ത്തു പിടിക്കാനും ചുമലില്‍ മെല്ലെ താളം പിടിച്ച് കൊണ്ട്, നെറുകയില്‍ ഉമ്മ തന്നുറക്കാനും മനസ്സിങ്ങനെ കുതറിപ്പാഞ്ഞു കൊണ്ടേയിരുന്നു.  


എന്‍റെ ശരീരം കത്തുന്നത് പോലെ തോന്നി. ഫോണിലൂടെ വന്നു തൊടുന്ന നിശ്വാസ ജ്വാലകള്‍ നിന്നെ പൊള്ളിക്കുന്നുണ്ടാവുമോ? 


നീയിടയ്ക്കു നടുങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ദു:സ്വപ്‌നങ്ങള്‍ മാത്രം വിരുന്നു വന്നിരുന്ന ദിവസങ്ങളിലൊന്നില്‍ തലയിണയുടെ അടിയില്‍ അമ്മ തിരുകിയ കൊന്തയെ ഓര്‍ത്തു ഞാന്‍ . വിശുദ്ധന്മാര്‍ കാവല്‍ നില്‍ക്കാതിരുന്നാലോ എന്നു ഭയന്നാവണം യക്ഷിയമ്മക്കാവിലെ ഭസ്മപ്പൊതികളും അമ്മ കൊന്തയ്ക്ക് കൂട്ടായി കരുതിയിരുന്നു. അര്‍ജ്ജുനന്‍ , ഫല്‍ഗുണന്‍ എന്നു ഞാന്‍ മനസ്സില്‍ ജപിച്ചു കൊണ്ടിരുന്നു. നിനക്ക് വേണ്ടി.. നിന്‍റെ നിദ്രയില്‍ കാവല്‍ നില്‍ക്കാന്‍ അറിയാവുന്ന മാലാഖമാരോടൊക്കെ കേണു കൊണ്ടേയിരുന്നു. എന്നിട്ടും നീ അസ്വസ്ഥനായിരുന്നു.


ഒരേ കിടപ്പില്‍ കിടന്ന് എന്‍റെ ശരീരം മരവിക്കുന്നുണ്ടായിരുന്നു. എന്നിട്ടും നിന്‍റെ ഉറക്കത്തിനു ശല്യമാകുമോ എന്നു ഭയന്ന് ഞാന്‍ അതേ കിടപ്പില്‍ തന്നെ കിടന്നു. 


പുറത്തു മഴയപ്പോഴും അതേ പോലെ  പെയ്തു നിറയുന്നുണ്ടായിരുന്നു.

Monday, April 9, 2012

"വല്യമ്മച്ചി" -അവസാന ഭാഗം

ചെന്നു കയറുമ്പോള്‍ ഊര്‍ധ്വന്‍ വലിച്ചു കിടക്കുന്ന ഒരു വൃദ്ധയുടെ മുറിയുടെ ചേരുവകള്‍ എല്ലാം തികഞ്ഞിട്ടുണ്ടായിരുന്നു. അബോധാവസ്ഥയിലുള്ള വല്യമ്മച്ചിയുടെ തൂവെള്ള കിടക്കയോട് ചേര്‍ന്ന് തന്നെ കസേരയിലിരിക്കുന്ന മകള്‍ (എന്‍റെ അച്ഛന്‍ പെങ്ങള്‍ / അപ്പച്ചി). അതിന്‌ പിന്നിലായി രണ്ടാം നിരയില്‍ എന്‍റെ അനിയത്തിയും അപ്പച്ചിയുടെ മകളും. വല്ലാത്ത നിശബ്ദത. ഇപ്പോഴാണോടീ വരുന്നത് എന്നൊരു ചോദ്യം എന്‍റെ അനിയത്തിയുടെ കണ്ണുകളില്‍ ഒരു കുറ്റ പ്പെടുത്തലോടെ തെളിഞ്ഞത് കണ്ടില്ലെന്നു നടിച്ച്‌, ഞാനും ഒരു നിമിഷം മിണ്ടാതെനിന്നു.

കുളിയും ഭക്ഷണവും കഴിഞ്ഞു വീണ്ടും ആ മുറിയിലെത്തിയപ്പോള്‍ തോന്നി വല്യമ്മച്ചിയ്ക്ക് ഉറപ്പായും ബോറടിക്കുന്നുണ്ടാവും. എല്ലാവരും കൂടെയുള്ളപ്പോള്‍ ഇങ്ങനെയൊരന്തരീക്ഷം ആ വീടിന്‍റെ ചുമരുകള്‍ക്കു പോലും തീര്‍ത്തും അപരിചിതമാണല്ലോ? "ചേച്ചീ, കൈയില്‍ ഞാന്‍ മൈലാഞ്ചിയിട്ടു തരട്ടേ" എന്ന കല്യാണിയുടെ ചോദ്യം പോലും വളരെ താഴ്ന്ന സ്ഥായിയില്‍ .. എനിക്കും വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

അവിടെ നിന്നുമെഴുനേറ്റ് അടുത്ത മുറിയിലെത്തിയപ്പോള്‍ ഉത്സവം കണ്ട് മടങ്ങി വരുന്ന അനിയന്‍ അക്കു. കുഞ്ഞുങ്ങള്‍ മൂക്കും മുന്‍പേ പഴുക്കുന്ന ഈ കാലത്തും പതിനാറിലെത്തിയ അവന്‍ കാത്തു സൂക്ഷിക്കുന്ന നിഷ്കളങ്കത എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് . പിന്നെ പതിവു പോലെയുള്ള ബഹളങ്ങളും അട്ടഹാസങ്ങളും കൊണ്ട് വീട് നിറയാന്‍ തുടങ്ങി. ഗൗരവ മുഖംമൂടികള്‍ ഉപേക്ഷിച്ച് മരണ മുറിയിലെ കാവല്‍ക്കാരും ഞങ്ങളോടൊപ്പം കൂടി. രാവിനു പ്രായമേറുന്നതോ പരിസരങ്ങള്‍ ഉറങ്ങുന്നതോ ശ്രദ്ധിക്കാതെ ഞങ്ങള്‍ വെറുതേ ചിരിച്ചു കൊണ്ടിരുന്നു.

ഇടയ്ക്ക് വല്യമ്മച്ചിയെ നോക്കാന്‍ പോയ അപ്പച്ചി ഞങ്ങളെയും വിളിച്ചു. ചെന്നു നോക്കുമ്പോള്‍ ശ്വാസത്തിന്‍റെ താളത്തിനു വ്യത്യാസം. നോക്കി നോക്കി നില്‍ക്കെ ഒരു നിശ്വാസത്തോടെ ആ ശരീരം നിശ്ചലമായി. മുഖത്ത് വിരിഞ്ഞ ചിരി കണ്ടു നില്‍ക്കുമ്പോള്‍ എനിക്ക് സംശയം തീരുന്നുണ്ടായിരുന്നില്ല. എല്ലിന്‍ കൂടായി തീര്‍ന്ന ആ നെഞ്ചില്‍ തല വെച്ച് നോക്കി ഒരു മിടിപ്പും അവശേഷിക്കുന്നില്ല എന്നുറപ്പിക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു. വല്യമ്മച്ചിയുടെ കുഴിഞ്ഞ കണ്‍തടങ്ങളില്‍ ഒരു തുള്ളി കണ്ണുനീര്‍ അവശേഷിക്കുന്നുണ്ടായിരുന്നു.

"ഗൗരി ഇന്നലെ രാത്രി തന്നെയെത്തിയിരുന്നു,ല്ലേ? ചിരിക്കുന്നതു കേട്ടു." തെക്കേലമ്മയുടെ ചോദ്യം കേട്ടപ്പോള്‍ മനസ്സൊന്നു കാളി. ഇന്നലത്തെ ബഹളത്തിനു വഴക്ക് പറയാനാവുമോ? "നാണിയമ്മയ്ക്ക്‌ ഭാഗ്യമുണ്ട്. ആ സമയമായപ്പോള്‍ എല്ലാവരും അടുത്ത് തന്നെ ചിരിച്ച് കളിച്ച് ഇരിക്കുന്നത് കണ്ടു സന്തോഷത്തോടെ കണ്ണടയ്ക്കാന്‍ കഴിഞ്ഞല്ലോ? അവരുടെ ഏറ്റവും വലിയ സന്തോഷവും അതായിരുന്നല്ലോ?"

വല്യമ്മച്ചിയ്ക്ക് മക്കള്‍ ഏഴു പേരാണ്. ഈ മക്കളും മരുമക്കളും അവരുടെ മക്കളുമായി ഒന്നിച്ചിരിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടാതെ നോക്കുമായിരുന്നു വല്യമ്മച്ചി. ആഘോഷങ്ങള്‍ക്ക് ഓണമെന്നോ വിഷുവെന്നോ ഈസ്ററെന്നോ മുഹറമെന്നോ ഉള്ള വ്യത്യാസങ്ങളും കാണില്ല. പാചക സമയത്താണെങ്കില്‍ അടുക്കളയില്‍ , അല്ലെങ്കില്‍ ഏതെങ്കിലുമൊരു മുറിയില്‍ എല്ലാവരും കൂടി ബഹളം വെച്ച് , നാടിളക്കി , പരസ്പരം കളിയാക്കി...

ആ ലോകത്തില്‍ വല്യമ്മച്ചിയോടൊപ്പം കൂടാന്‍ അച്ഛനും വല്യച്ഛനും അമ്മാമ്മയും അവിടുത്തെ വല്യച്ഛനും വല്യമ്മൂമ്മയും ഒക്കെയുണ്ടാവും. അവരവിടെ മിസ്സ്‌ ചെയ്യുന്നത് ഞങ്ങളുടെ കുറേ പേരുടെ കളിചിരികള്‍ മാത്രമാവും. അധികം താമസിക്കാതെ വീണ്ടും കാണാം എന്നു മാത്രം ആഗ്രഹിച്ചു കൊണ്ട്.....ശുഭയാത്ര....

Tuesday, March 27, 2012

മൗനമേ....

എന്നും എപ്പോഴും ആദരവോടു കൂടിയല്ലേ ഞാന്‍ നിങ്ങളെ സമീപിച്ചിട്ടുള്ളൂ? അമൂല്യമാണെന്ന ബോധത്തോട് കൂടി വളരെ സൂക്ഷിച്ചല്ലേ ഞാന്‍ നിങ്ങളെ ഉപയോഗിച്ചിട്ടുള്ളൂ? എന്നിട്ടും എന്തിനാണ് വാക്കുകളേ, കിട്ടുന്ന ഏതൊരവസരവും പാഴാക്കാതെ എന്നെയിങ്ങനെ കീറി മുറിക്കുന്നത്?

പണ്ട് പ്രാണന്‍ പകുത്തു കൊടുത്തൊരു കൂട്ടുകാരനുണ്ടായിരുന്നു. എന്നെ പോലെ തന്നെ വാക്കുകളെ പ്രണയിച്ചവന്‍ .ഞങ്ങള്‍ക്ക് വഴങ്ങാതെ മറ്റുള്ളവരുടെ പേനത്തുമ്പില്‍ നിന്നും അനര്‍ഗളം പ്രവഹിക്കുന്ന അക്ഷരങ്ങളെ കുശുമ്പോടെ എന്നോടൊപ്പം നോക്കി നിന്നവന്‍ .. വാക്കുകളെ ഇഷ്ടം പോലെയെടുത്ത് അമ്മാനമാടുന്നവരെ ആയിരുന്നു ഞങ്ങള്‍ ഈ ഭൂമിയില്‍ ഏറ്റവും ബഹുമാനിച്ചിരുന്നത്. അവരോടു മാത്രമായിരുന്നു അസൂയപ്പെട്ടത്‌.. . ഒന്നിച്ചു ജീവിക്കുന്ന കാലത്ത് തൊടി നിറച്ചും പന്തല്‍ കെട്ടി വളര്‍ത്തുന്ന കോവലിനെയും പയറിനെയും, നടുമുറ്റത്തിന്റെ ഒരരികിലെ കോലായില്‍ ഇരുന്ന് ചൂട് കാപ്പി ഊതിക്കുടിക്കുന്ന മഴക്കാല വൈകുന്നേരങ്ങളെയും സ്വപ്നം കണ്ടത് പോലെയായിരുന്നു അലമാരയില്‍ അടുക്കി നിറയ്ക്കുന്ന പുസ്തകങ്ങളെ കുറിച്ചും സങ്കല്‍പ്പിച്ചത്‌ .

കാലം എപ്പോഴുമെന്ന പോലെ മാന്ത്രിക വടി കൊണ്ടൊന്നുഴിഞ്ഞപ്പോള്‍ , പ്രണയം മഞ്ഞുപുതപ്പുമുപേക്ഷിച്ചു മാഞ്ഞു പോയി. അതു വരെ ദിവ്യമെന്നും അനര്‍ഘമെന്നും പാടിപ്പുകഴ്ത്തിയതൊക്കെ സമയം കളഞ്ഞ പാഴ്വേലകളായി. അതു വരെയുണ്ടായിരുന്ന വൈകാരിക സുരക്ഷിതത്വത്തിന്‍റെ ഉരുക്കു കവചം, പ്രണയം മൂലമുള്ള ഹരാസ്മെന്റ് ആയി...

ഹരാസ് ചെയ്യുക..നീണ്ട പല്ലുകളും ദംഷ്ട്രയും കാട്ടി, പിന്നീടുള്ള ഉറക്കമില്ലാ രാത്രികള്‍ക്ക് കൂട്ടായി വന്നു ആ വാക്ക്. നിലയില്ലാത്ത ആഴത്തിലേയ്ക്ക് എന്‍റെ കൈയും കാലും കെട്ടി വലിച്ചെറിഞ്ഞു കളഞ്ഞിട്ട് , മുഖമൊന്നുയര്‍ത്തിയൊരു കവിള്‍ ശ്വാസം പോലും എടുക്കാന്‍ അനുവദിക്കാതെ, നെറുകയില്‍ തന്നെ ചവിട്ടിത്താഴ്ത്തിക്കൊണ്ടിരുന്നു..... തനിച്ചു തന്നെ തുഴഞ്ഞു നീങ്ങേണ്ടി വരുന്ന കടലാഴങ്ങളിലെ അവസാന ആശ്രയങ്ങള്‍ പോലും വാക്കുകള്‍ വന്ന് തട്ടിയെറിഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ മുങ്ങി മുങ്ങി.........

പിന്നെയും കാലം പരീക്ഷണങ്ങളുമായി പിന്നാലെ തന്നെ കൂടുന്നു...

വണ്ടിയുടെ ചക്രം പോലെ വീണ്ടും കാലം അതേ നിമിഷത്തില്‍ എത്തിയിരിക്കുന്നു.. ഒരു പാട് അടികളേറ്റു പതം വന്ന് ചിലരുടെ മനസ്സൊക്കെ കാരിരുമ്പിന്റെ കരുത്തു കാട്ടുമെന്നത് കണ്ടു ഒരു നാള്‍ ഞാനുമെന്ന് മനസ്സ് മോഹിച്ചത് വെറുതേ. ഓരോ കുഞ്ഞു അക്ഷരക്കൂട്ടവും ഇപ്പോള്‍ അതിന്‍റെ മൂര്‍ച്ച കൊണ്ടെന്നെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. സംരക്ഷണത്തിന്റെ ഉടുപ്പിട്ട് പറന്നു വന്നിരുന്ന മേഘസന്ദേശങ്ങളിലെ മൂന്നക്ഷരങ്ങള്‍ പോലും ഇപ്പോള്‍ ,പറയാതൊളിപ്പിച്ചു പിടിക്കുന്ന അര്‍ത്ഥ സാഗരങ്ങളെ കാണിച്ച് ഭീഷണിപ്പെടുത്തുന്നു...

"എങ്ങനെയുണ്ട് " എന്നു ആകുലപ്പെടുമ്പോള്‍ "ഒന്നുമില്ല" എന്ന മറു കുറിപ്പിനോടൊപ്പം വെറുതേ ചേര്‍ക്കുന്ന "plz" എന്നോട് മണിക്കൂറുകള്‍ പ്രസംഗിക്കുന്നുണ്ട്,ആ ജീവിതത്തില്‍ എന്നേ അധികപ്പറ്റായ എന്നെ കുറിച്ച്. ആരോടും ഒരു അറ്റാച്മെന്റും ഇല്ലെന്നു ഇടയ്ക്കിടെയ്കു ഉറക്കെ പറയുമെങ്കിലും എല്ലാരുമല്ലല്ലോ ഞാന്‍ എന്ന എന്‍റെ അഹങ്കാരത്തിന്‍റെ മുഖത്ത് തന്നെ കാറി തുപ്പും ഇത്തരം ത്രൈക്ഷരികള്‍ .

അങ്ങനെയാണല്ലോ മൗനം എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയാകുന്നത്...ഇനിയെന്നാണ് ഇല്ലാത്ത അര്‍ഥങ്ങള്‍ തേടിപ്പിടിച്ചെടുത്ത് ഇവളുമെന്നെ നോവിക്കാന്‍ തുടങ്ങുന്നത് എന്നെനിക്കറിയില്ലയെങ്കിലും, മൗനമേ നിന്നെ സ്നേഹിക്കുന്നു ഞാന്‍ .........

Friday, February 24, 2012

ഉടുപ്പുരിഞ്ഞ ഭ്രാന്ത്‌

ഒരു പാട് പഴക്കം തോന്നുന്നു എനിക്ക്. നൂറ്റാണ്ടുകളൊന്നുമല്ല ,ഒരു പാട് ജന്മങ്ങളുടെ പഴക്കം.

ചില രാത്രികളില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തോന്നും, നാളെയെന്നത് ഉണ്ടാവുകയേ ഇല്ലെന്ന്. ആ ദിവസം വെച്ചൊരു കണക്കെടുപ്പ് നടത്തിയാല്‍ ഒരു പക്ഷേ തുലാസിന്റെ നില വളരെ കൃത്യമായിരിക്കും. ദു:ഖങ്ങളും സന്തോഷങ്ങളും തുല്യമായി , നേര്‍രേഖയില്‍ സൂചി ചലിക്കാതെ നില്‍ക്കും.

കാലവൃക്ഷത്തിലെ, പച്ചയെങ്കിലും ഞെട്ട് ശോഷിച്ച ഇല നേര്‍ത്ത കാറ്റിലും വിറയ്ക്കുന്നത് എനിക്ക് കാണാം.

വാര്‍ധക്യത്തിലെത്തിയവരോട് എനിക്കെന്നും ആദരവാണ്. ജീവിതത്തിലെ ഏതൊക്കെ തീവ്രമായ പ്രതിസന്ധികള്‍ കടന്ന്, എത്ര യാതനകള്‍ അനുഭവിച്ചാകണം അവരീ അവസ്ഥയിലെത്തിയിട്ടുണ്ടാവുക? അവരുടെ മുഖത്തെ എണ്ണമറ്റ ചുളിവുകള്‍ ഏതൊക്കെ നരക നിമിഷങ്ങളുടെ വിരല്‍പ്പാടുകളാവും? ആത്മഹത്യ ഒരു അഭയമായി അവരെ എത്ര മോഹിപ്പിച്ചിട്ടുണ്ടാവും? എങ്ങനെയാവും അവരാ പ്രലോഭനങ്ങളെ അതിജീവിച്ചിട്ടുണ്ടാവുക? ജീവിതത്തോടുള്ള മോഹമോ മരണത്തോടുള്ള ഭയമോ ? ഏതാവും അവരെ ഇവിടെ പിടിച്ച് നിര്‍ത്തിയത്?

കറുത്ത വസ്ത്രമണിഞ്ഞ മോഹിനീ....ഇത്തിരി ഭയമെന്നില്‍ അവശേഷിക്കാന്‍ അനുവദിക്കു...

Saturday, January 21, 2012

സ്നേഹമാണഖില സാരം...

ചെറിയ കുട്ടിയായിരിക്കുമ്പോഴാണ്, മുറ്റത്ത്‌ കൂട്ടുകാരോടൊപ്പം ഉള്ള കളിയ്ക്കിടയില്‍ നിന്നും ഓടി മുറിയില്‍ ചെന്നപ്പോള്‍ കണ്ടത് എന്തോ പറഞ്ഞു ചിരിച്ചും കൊണ്ട് അച്ഛന്‍ അമ്മയുടെ കവിളില്‍ കൊടുക്കുന്ന ഒരുമ്മ...:)

(മുന്‍പും ഇവര്‍ തമ്മിലുള്ള ശൃംഗാരമൊക്കെ കണ്‍കോണിലൂടെ വീക്ഷിച്ചു വിടാറുണ്ട് എങ്കിലും നേരിട്ടൊരു കാഴ്ച ആദ്യമായായിരുന്നു)

അച്ഛന്‍റെയും അമ്മയുടെയും റൊമാന്റിക്‌ നിമിഷങ്ങള്‍ക്ക് അറിയാതെ സാക്ഷിയായല്ലോ എന്ന ചമ്മല്‍ .... എന്‍റെ ചമ്മല്‍ അവരറിഞ്ഞാല്‍ കേള്‍ക്കേണ്ടി വരുന്ന അച്ഛന്‍റെ പരിഹാസം... :(

ആലോചിച്ചപ്പോള്‍ ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന അടവ് തന്നെയാണ് എന്‍റെ ചെറിയ ബുദ്ധിയിലുദിച്ചത്.....:)

"അയ്യേ...എന്നാലും അച്ഛാ...ഞാന്‍ കണ്ടല്ലോ..." എന്ന ഒരു വിജയചിരിയുമായി നിന്ന എന്നെ "ഓ...പിന്നെ,നീ ഒന്ന് പോടീ... ഞാന്‍ എന്‍റെ ഭാര്യയെ അല്ലേ ഉമ്മ വെച്ചത് " എന്ന് നിസ്സാരയാക്കി അച്ഛന്‍ ....:(

ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മിക്കേണ്ട ചില കാര്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണ് പുള്ളിക്കാരന്‍ പകര്‍ന്നു തരാറുള്ളത് .. അന്നും പതിവു തെറ്റിയില്ല.

"ഒരാളോട് സ്നേഹം തോന്നുന്നതോ അത് പ്രകടിപ്പിക്കുന്നതോ ഒന്നും ഒരു മോശം കാര്യമല്ല. അതിന്‍റെ പേരില്‍ ആരെങ്കിലും അപമാനിച്ചാല്‍ അതൊരപമാനമായി കാണുകയും വേണ്ട. അതേ സമയം , ആരെയെങ്കിലും വെറുക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നത് പോലെ ചീത്തയായ വേറൊരു കാര്യവുമില്ല. "

പിന്നെയും കുറേ പറഞ്ഞു അച്ഛന്‍ .....

ഇപ്പോഴും ഓര്‍മ്മയില്‍ നന്നായി തെളിഞ്ഞു നില്‍ക്കുന്നു...

ബന്ധങ്ങള്‍ ഈഗോയില്ലാതെ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ എന്നും അച്ഛന്‍റെ ഈ വാക്കുകള്‍ പ്രേരണയായിട്ടുണ്ട്. സ്നേഹമുണ്ടായി പോയതിന്‍റെ പേരില്‍ പല വട്ടം പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നപ്പോഴും തല കുനിയാതിരിക്കാന്‍ എന്നെ സഹായിച്ചതും മറ്റൊന്നല്ല.. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കുരിശു മരണങ്ങളില്‍ എന്നും എന്‍റെ തുണയായി കൂടെയുള്ളതും ഈ വിലയേറിയ വാക്കുകള്‍ മാത്രം...